അല്പം ശ്രദ്ധിച്ചാല്‍ സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദത്തില്‍ വഴികളുണ്ട്...
ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ശരിയായ ശുചിത്വപാലനം, ചിട്ടയായ ജീവിതം, ഉചിതമായ ആഹാരക്രമം, ഉറക്കം, വ്യായാമം എന്നിവ ശീലിക്കണം. നല്ല ആരോഗ്യമുള്ള ശരീരത്തിലേ നല്ല സൗന്ദര്യം നിലനില്‍ക്കൂ.
ദിവസേന എണ്ണ തേച്ചുകുളിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നു. ദേഹബലം വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ശരീരത്തില്‍ എണ്ണ തേക്കുമ്പോള്‍ത്തന്നെ ചെവിയില്‍ ഓരോ തുള്ളി എണ്ണ ഉറ്റിക്കണം. കൂടാതെ കാല്‍പാദത്തിനടിവശത്തും എണ്ണ തേക്കണം. മുഖം മിനുക്കുന്നതിനും നരകള്‍ ബാധിക്കാതിരിക്കാനും ദിവസവും അണുതൈലം രണ്ടുതുള്ളി മൂക്കില്‍ ഉറ്റിച്ചാല്‍ മതി (നസ്യം). സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ വെളുത്തുള്ളി, തേന്‍, മഞ്ഞള്‍ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കാം.
വെളുത്തുള്ളി
സൗന്ദര്യം പ്രദാനം ചെയ്യാനും സന്താനലബ്ധിക്കും വെളുത്തുള്ളി ഉത്തമമാണ്. എല്ലാ രസങ്ങളും ചേര്‍ന്നതാണ് വെളുത്തുള്ളി. സാധാരണ ജലദോഷം മുതല്‍ പ്ലേഗ് വരെ ഭേദപ്പെടുത്തുന്ന ഔഷധഗുണം ഇതിനുണ്ട്. ഇത് ശക്തിയുള്ള പ്രാകൃതി ആന്റിബയോട്ടിക് ആണ്.
ആയുസ്സ് വര്‍ധിപ്പിക്കാനും യൗവനം നിലനിര്‍ത്താനും തലമുടിയുടെ വളര്‍ച്ചയ്ക്കും സ്ത്രീകളില്‍ സ്തന ഭംഗിക്കും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ദിവസേന കഴിക്കുന്നത് ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കും. വെളുത്തുള്ളിയുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ കാലം ധനു-മകരമാസമാണ്. ശൈത്യകാലത്ത് കഫം വര്‍ധിക്കും. ഈ സമയത്ത് ശരീരബലം കൂട്ടാന്‍ വെളുത്തുള്ളി സഹായിക്കും.ഗര്‍ഭിണികള്‍ വെളുത്തുള്ളി കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കാരണം വെളുത്തുള്ളിക്ക് ഉഷ്ണ സ്വഭാവമാണ്. ഇത് ഗര്‍ഭപാത്രം സങ്കോചിക്കാന്‍ ഇടയാക്കും.
തേന്‍
ഹൃദയപേശികള്‍ക്ക് ബലം നല്‍കാന്‍ തേന്‍ നല്ലതാണ്. ചര്‍മ്മസൗന്ദര്യത്തിനും തേന്‍ ഉപകരിക്കും. തേന്‍ പുരട്ടുന്നത് ചര്‍മ്മം മൃദുവാവാനും തിളങ്ങാനും സഹായിക്കും. കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ പല്ലിന് നല്ല വെണ്‍മ കിട്ടും.
രണ്ടു ടീ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് ഉറങ്ങാന്‍ നേരത്ത് കഴിക്കുന്നത് സുഖനിദ്ര നല്‍കും. തേന്‍ ചൂടാക്കി കഴിക്കരുത്. തേന്‍ ചൂടാക്കിയോ നെയ്യിനൊപ്പമോ കഴിച്ചാല്‍ അത് വിഷത്തിന് തുല്യമാണ്. അതിസാരത്തിനും ഇടയാക്കും.
മഞ്ഞള്‍
മുഖത്തെ രോമങ്ങള്‍ മാറ്റാനും മുഖകാന്തി വര്‍ധിപ്പിക്കാനും കറുത്തപാടുകളും മുഖക്കുരുവും മാറാനും മഞ്ഞള്‍ നല്ല മരുന്നാണ്.കരളിന്റെ ശുദ്ധീകരണം, കൊളസ്‌ട്രോള്‍ അളവിന്റെ സന്തുലനം, അലര്‍ജിക്കെതിരെ പ്രതിരോധം, ദഹനത്തിന് ആക്കംകൂട്ടല്‍, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കല്‍ അങ്ങനെ മഞ്ഞളിന്റെ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ സ്ത്രീകളില്‍ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനും ഗര്‍ഭാശയത്തെയും മുലപ്പാലിനെയും ശുദ്ധീകരിക്കാനും മഞ്ഞള്‍ ഉപകരിക്കും. പുരുഷന്‍മാരില്‍ ബീജോത്പാദനത്തിനും മഞ്ഞള്‍ സഹായിക്കുന്നു.
മുഖത്ത് രോമങ്ങളുള്ളവര്‍ മഞ്ഞള്‍ അരച്ച് രാത്രി കിടക്കുമ്പോള്‍ കട്ടിയില്‍ മുഖത്ത് തേച്ച് കിടക്കുക. രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. പച്ചപപ്പായയും മഞ്ഞളും ചേര്‍ത്ത് അരച്ച് തേച്ചാലും മതി. കസ്തൂരി മഞ്ഞളും പാല്‍പ്പാടയും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. മഞ്ഞളും ചെറുപയറും തെച്ചിപ്പൂവും ചേര്‍ത്ത് അരച്ച് പാല്‍ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. വേപ്പിലയും മഞ്ഞളും ചേര്‍ത്ത് നന്നായി അരച്ച് മുഖത്ത് തേക്കുന്നതും മുഖത്തിന് തിളക്കം നല്‍കും. രക്തചന്ദനവും കസ്തൂരിമഞ്ഞളും കൂട്ടിയരച്ച് തേച്ചാലും മുഖശോഭ വര്‍ധിക്കും.
മുഖകാന്തിയ്ക്ക് വഴികള്‍
വെള്ളരിക്ക നീര്, പപ്പായ തുടങ്ങിയ ഫലങ്ങളില്‍ ഒന്നെടുത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. ചെറുചൂടുവെള്ളമാണ് ഇതിന് ഉപയോഗിക്കേണ്ടത്.
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തുപുരട്ടുന്നതും മുഖകാന്തിയുണ്ടാക്കും.
ചന്ദനവും കര്‍പ്പൂരവും ചേര്‍ത്ത് കിടക്കാന്‍ നേരത്ത് മുഖത്ത് പുരട്ടുക
കാബേജ് അരച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ യീസ്റ്റും ചേര്‍ത്ത് 20 മിനിട്ടുനേരം മുഖത്ത് തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് കഴുകിക്കളയാം. സ്ഥിരമായി ചെയ്താല്‍ മുഖത്തെ ചുളിവുകള്‍ അപ്രത്യക്ഷമാകും.
ഒലിവെണ്ണയില്‍ ഉലുവ അരച്ചുചേര്‍ത്ത് 10 മിനിട്ട് മുഖത്തുവെച്ച ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മുഖകാന്തിക്കൊപ്പം ചര്‍മ്മം മൃദുവാകുകയും ചെയ്യും.
ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
കുറച്ചുവെള്ളത്തില്‍ ഈന്തപ്പഴം/ ഉണക്കമുന്തിരി തലേദിവസം രാത്രി ഇട്ടുവെച്ച് പിറ്റെ ദിവസം രാവിലെ പിഴിഞ്ഞെടുത്ത് ചാറ് കുടിക്കുന്നതും ചര്‍മ്മത്തിന് ഗുണം ചെയ്യും.
ഡോ.പി.കമലം
റിട്ട.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം