വല്ലാത്ത നടുവേദന, എപ്പോഴും ക്ഷീണം, വണ്ണം വെക്കുന്ന ദേഹം... പ്രായത്തിനൊപ്പം അസ്വസ്ഥതകളും ഏറുന്നു. 40-55പ്രായത്തില്‍ വരാനിടയുള്ള രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും വിശദീകരിക്കുകയാണ് ഡോ.ഷീലാ മണി(ഗൈനക്കോളജി വിഭാഗം, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്)
40 വയസ്സ്. യൗവനം വിടപറയാനൊരുങ്ങുകയാണ്. എങ്കിലും ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താവുന്നതേയുള്ളൂ. കൃത്യമായ വ്യായാമങ്ങള്‍, ചിട്ടയുള്ള ഭക്ഷണക്രമം, പോഷകസമൃദ്ധമായ ആഹാരം... അതൊക്കെ അത്യാവശ്യം. പ്രായമേറുമ്പോള്‍ രോഗങ്ങളും പിടിപെടാം. മധ്യവയസ്സില്‍പതിവായി മുഖംകാണിക്കുന്ന ചില രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാം.
വല്ലാതെ തടികൂടുന്നു. അതേസമയം ദേഹം മൊത്തം ക്ഷീണവുംവരുന്നു. ഇതെന്തുകൊണ്ടാണ്?
നാല്‍പത് വയസ്സ് കഴിയുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം വരുന്നത് സ്വാഭാവികമാണ്. ശരീരം ദുര്‍ബലമാവുകയും ചെയ്യും. ഈ സമയത്ത് നടത്തം, ജോഗിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കണം. ശരീരത്തിന് നല്ല വ്യായാമം ലഭിക്കുമ്പോള്‍ രക്തത്തിലുള്ള കാല്‍സ്യം ശരീരകോശങ്ങളിലേക്ക് എളുപ്പം എത്തുന്നു. കാല്‍സ്യം ഗുളികകള്‍ ഡോക്ടറുടെ ഉപദേശത്തിനനുസരിച്ച് കഴിക്കുക. കാല്‍സ്യം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും നന്നായി കഴിക്കണം. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് സാധ്യത ഉള്ളതിനാല്‍ പാടനീക്കിയ പാല്‍ കഴിച്ചാല്‍ മതി. വ്യത്യസ്തമായ പഴവര്‍ഗങ്ങളും ഇലക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക. ഇവയിലടങ്ങിയ പോഷകങ്ങള്‍ ആരോഗ്യം നിലനിര്‍ത്തും. കാല്‍സ്യം അടങ്ങിയ ചെറുമീനുകള്‍ കഴിക്കുക; മുള്ള് ഉള്ള നത്തോലി പോലുള്ളവ.
ഇടുപ്പിലെ എല്ലിന് തേയ്മാനം വന്നു. ഇതിന് പ്രതിവിധിയുണ്ടോ?
അസ്ഥികള്‍ക്ക് വരുന്ന ബലക്ഷയം, ചതവ്, ഒടിവ് എന്നിവയെ മൊത്തമായി 'ഓസ്റ്റിയോപൊറോസിസ്' എന്ന രോഗമായിട്ടാണ് ചികിത്സിക്കുന്നത്. ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നു. ഈസ്ട്രജനാണ് എല്ലുകള്‍ക്ക് ദൃഢതയും ആരോഗ്യവും നല്‍കുന്നത്. ഈ സംരക്ഷണം നഷ്ടപ്പെടുന്നതാണ് അസ്ഥികളുടെ ബലക്ഷയത്തിന് പ്രധാന കാരണം. ഇടുപ്പിലെ എല്ലുകള്‍ക്ക് തേയ്മാനം വരുന്നതും ഇതേകാരണം കൊണ്ടുതന്നെ. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് അസ്ഥികളുടെ ബലക്ഷയത്തിനുള്ള ചികിത്സ. കാന്‍സര്‍, ഹൃദയത്തിനോ കരളിനോ വന്ന രോഗബാധ എന്നിവയുള്ളവര്‍ക്ക് ഈ ചികിത്സ ഉചിതമല്ല.
അസ്ഥികള്‍ക്ക് ബലക്ഷയം വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?
പ്രകൃതിദത്തമായ ചില ആഹാരപദാര്‍ഥങ്ങളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ സമൃദ്ധമായുണ്ട്. സോയാബീന്‍സ്, പയര്‍വര്‍ഗങ്ങള്‍, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നന്നായി കഴിക്കുക.
ഗര്‍ഭാശയത്തിന് വരുന്ന രോഗങ്ങള്‍, പ്രത്യേകിച്ചും ഗര്‍ഭാശയഗള കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?
ലോകാരോഗ്യസംഘടന (WHO)യുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭാശയഗളകാന്‍സര്‍ രോഗികളുള്ള രാജ്യം ഇന്ത്യയാണ്.
ഗര്‍ഭാശയമുഖത്തെയാണ് ഇത് ബാധിക്കുന്നത്. 40-50 വയസ്സുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണുന്നത്. ആരംഭത്തില്‍ രോഗം ശ്രദ്ധിക്കപ്പെടുന്നില്ല. രോഗം മൂര്‍ഛിച്ച് സങ്കീര്‍ണമാകുന്ന ഘട്ടത്തിലാണ് 80% രോഗികളും വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തുന്നത്. അപ്പോഴേയ്ക്കും സാധാരണ ചികിത്സകളില്‍ രോഗം ഒതുങ്ങാതെ വരുന്നു.
ചെറുപ്രായത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയവര്‍, ഒന്നിലേറെ ലൈംഗികപങ്കാളികള്‍ ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഗര്‍ഭാശയഗള കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ (Human papilloma Virus) അണുബാധ ഉണ്ടാകാം. ഈ വൈറസാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാനകാരണം.
ലൈംഗികബന്ധത്തിലേര്‍പ്പെട്ടയുടനെയുള്ള രക്തസ്രാവം കാന്‍സറിന്റെ ലക്ഷണമാവാം. യോനിയില്‍ തുടര്‍ച്ചയായുള്ള അണുബാധ, , ദുര്‍ഗന്ധം എന്നിവയും ഈ കാന്‍സറിന്റെ ലക്ഷണമായി വരാറുണ്ട്. രോഗം അപകടകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കഠിനമായ നടുവേദനയും വരാറുണ്ട്.
രോഗനിര്‍ണയം: ഗര്‍ഭാശയഗള കാന്‍സര്‍ തുടങ്ങുന്നതിന് 10-20 വര്‍ഷങ്ങള്‍ മുമ്പുതന്നെ ഭൂരിപക്ഷം സ്ത്രീകളിലും കാന്‍സറിന്റെ മുന്നോടികളായ ചില കോശവ്യതിയാനങ്ങള്‍ കാണപ്പെടാറുണ്ട്. രോഗലക്ഷണങ്ങള്‍ കാണുകയില്ല. എന്നാല്‍ പാപ്‌സ്മിയര്‍ എന്ന ലഘുപരിശോധനയിലൂടെ ഈ കോശവ്യതിയാനങ്ങള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാം. കോള്‍പോസ്‌കോപി (Colposcopy) പോലുള്ള വിദഗ്ധ പരിശോധനകള്‍ ചെയ്യാം. അങ്ങനെ നേരത്തെ ചികിത്സിക്കാം.
ഗര്‍ഭാശയഗള കാന്‍സറിന് പ്രതിരോധമാര്‍ഗങ്ങളുണ്ടോ?
ലൈംഗികശുചിത്വവും ലൈംഗിക സംയമനവും പാലിക്കുക. ബന്ധപ്പെടുമ്പോള്‍ ഉറകള്‍ ധരിക്കുക. ഇതുമൂലം ഗര്‍ഭാശയഗള കാന്‍സറിനോടൊപ്പം മറ്റു ലൈംഗികരോഗങ്ങളും എയ്ഡ്‌സും തടയാന്‍ പറ്റും.
ഗര്‍ഭാശയഗള കാന്‍സറിന് ഏറ്റവും പ്രധാന കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസിന് എതിരെയുള്ള വാക്‌സിന്‍ ഇന്ന് ലഭ്യമാണ്. 13-26 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കി രോഗം തടയാം.
അണ്ഡാശയ ട്യൂമര്‍ ഫലപ്രദമായി ചികിത്സിച്ച് മാറ്റാന്‍ കഴിയുമോ?
അണ്ഡാശയ ട്യൂമര്‍ കാന്‍സര്‍ ആകാന്‍ സാധ്യതയുള്ളതും അല്ലാത്തതുമായി രണ്ടുതരം ഉണ്ട്. പാരമ്പര്യം, നേരത്തെ പ്രായപൂര്‍ത്തിയാകല്‍, താമസിച്ചുള്ള ആര്‍ത്തവവിരാമം, കുട്ടികള്‍ ഉണ്ടാകാനുള്ള മരുന്നുകള്‍ കഴിക്കുന്നത്, ഇവയൊക്കെ ട്യൂമര്‍ വരാനുള്ള സാധ്യത കൂട്ടുന്നു. നേരെമറിച്ച് കൂടുതല്‍ കുട്ടികള്‍ ഉള്ളവരിലും കുഞ്ഞിന് മുലയൂട്ടുന്നവരിലും ഗര്‍ഭനിരോധന ഗുളികകള്‍കഴിക്കുന്നവരിലും അണ്ഡാശയ ട്യൂമറിന് സാധ്യത കുറയുന്നു.
80% ആളുകളിലും ഒരു രോഗലക്ഷണവും കാണുകയില്ല. അപൂര്‍വമായി ചിലരില്‍ രക്തസ്രാവം,വയറുവേദന, എപ്പോഴും വയറ്റില്‍ വായു കെട്ടിക്കിടക്കുന്ന തോന്നല്‍ എന്നിവ ലക്ഷണങ്ങളായി വരാറുണ്ട്. പ്രത്യേക രക്തപരിശോധനകള്‍ (Tumour markers), അള്‍ട്രാസൗണ്ട് സ്‌കാനിങ്, സി.ടി, എം.ആര്‍.ഐ. തുടങ്ങിയ പരിശോധനകള്‍ വഴി രോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കിയാല്‍ റേഡിയോ തെറാപ്പി പോലുള്ള ചികിത്സകള്‍ ചെയ്യാം.
അണ്ഡാശയ ട്യൂമര്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ മാര്‍ഗമുണ്ടോ?
40 വയസ്സിനുശേഷം വര്‍ഷത്തിലൊരിക്കല്‍ കൃത്യമായ വൈദ്യപരിശോധനയും യോനിയില്‍കൂടിയുള്ള സ്‌കാനിങ്ങും (Transvagial Scanning) നടത്തിയാല്‍ ഇത്തരം ട്യൂമറുകളെ തിരിച്ചറിയാം.
ഗര്‍ഭാശയമുഴ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?
സ്ത്രീകളില്‍ കാണപ്പെടുന്ന, കാന്‍സര്‍ സാധ്യത ഏറ്റവും കുറവുള്ള ട്യൂമറാണ് ഗര്‍ഭാശയമുഴ. സാധാരണയായി 35-45 വയസ്സുള്ളവരിലാണ് ഇത് കാണുന്നത്. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ അമിതോല്പാദനം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ചെറിയ മുഴകള്‍ തൊട്ട് വലുപ്പമേറിയ മുഴകള്‍ വരെയുണ്ട്. ഗര്‍ഭാശയ പേശികളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമൊക്കെ ഇവ വളരും; ഇതനുസരിച്ച് രോഗലക്ഷണവും മാറും. ആര്‍ത്തവവിരാമത്തിനു ശേഷം പുതിയതായി മുഴകള്‍ ഉണ്ടാവുകയില്ല.
പ്രസവിക്കാത്ത സ്ത്രീകളിലും കുട്ടികള്‍ കുറവുള്ളവരിലും ഗര്‍ഭാശയമുഴ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?
ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവം, വേദനയോടെയുള്ള ആര്‍ത്തവം,അടിവയറിലെ അസ്വസ്ഥത തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഒരു രോഗലക്ഷണവും കാണില്ല. മറ്റേതെങ്കിലും കാരണങ്ങള്‍ക്കായി സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും മുഴ കണ്ടുപിടിക്കു
ന്നത്.
വളരെപെട്ടെന്ന് വലുതാകുന്ന മുഴ കാന്‍സറിന്റെ ലക്ഷണമാണ്. അമിത രക്തസ്രാവം, മൂത്രതടസ്സം, വയറില്‍ ഭാരവും മറ്റസ്വസ്ഥതകളും, വലുപ്പമുള്ള മുഴ (14 സെ.മീറ്ററില്‍ കൂടുതല്‍) ഉള്ളവര്‍ക്ക് ആവശ്യത്തിന് കുട്ടികള്‍ ഉണ്ടെങ്കില്‍ മുഴയോടൊപ്പം ഗര്‍ഭപാത്രംകൂടി നീക്കാവുന്നതാണ്.
ഗര്‍ഭാശയം നീക്കംചെയ്യല്‍ ശസ്ത്രക്രിയ വയറു തുറന്നോ യോനിയില്‍ക്കൂടിയോ ലാപ്രോസ്‌കോപ്പി വഴിയോ ചെയ്യാം.
മുഴ ചെറുതാക്കാനായി മരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്. ആര്‍ത്തവവിരാമത്തിന് തൊട്ടുമുമ്പായി മുഴ കണ്ടുപിടിക്കുന്നവരിലും ശസ്ത്രക്രിയ നീട്ടിവയ്‌ക്കേണ്ടവരിലും ഇത് ചെയ്യാം. മരുന്ന് നിര്‍ത്തിക്കഴിഞ്ഞാല്‍ മുഴ പഴയതുപോലെ തിരിച്ചുവരും എന്നതാണ് ഇതിന്റെ പ്രശ്‌നം.
അമിത രക്തസ്രാവം എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ഇതൊരു രോഗലക്ഷണമാണോ?
40-55 വരെയുള്ള പ്രായത്തില്‍ വളരെ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് അമിതമോ അസ്വാഭാവികമോ ആയ രക്തസ്രാവം. സാ
ധാരണ രീതിയില്‍ 100മില്ലിയില്‍ കൂടുതല്‍ ഒരു ദിവസം ബ്ലീഡിങ് ഉണ്ടായാല്‍ അത് അമിതരക്തസ്രാവമാണ്. ക്ഷീണമുണ്ടാക്കുന്ന അമിതരക്തസ്രാവത്തിനു പിന്നില്‍, താഴെ കൊടുക്കുന്ന കാരണങ്ങളില്‍ ഒന്നാവാം.
ഹോര്‍മോണുകളുടെ വ്യതിയാനം.
ഗര്‍ഭാശയസംബന്ധമായ അവയവങ്ങളിലെ നീര്‍ക്കെട്ട്.
പോഷകാഹാരക്കുറവ് മൂലമുള്ള വിളര്‍ച്ച.
ഗര്‍ഭാശയമുഴകള്‍
പി.സി.ഒ.ഡി. (Poly cystic ovarian disease)
ഓവേറിയന്‍ ട്യൂമര്‍, ചോക്കളേറ്റ് സിസ്റ്റ്, എന്‍ഡോമെട്രിയോസിസ്
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്റെ അപാകം; പ്രധാനമായും ഹൈപ്പോതൈറോയ്ഡിസം.
രക്തസംബന്ധമായ രോഗങ്ങള്‍ - ലുക്കീമിയ, രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ കുറവ്.
വൈദ്യപരിശോധനയിലൂടെ യഥാര്‍ഥ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ പരിശോധനയിലും സ്‌കാനിങ്ങിലും ഗര്‍ഭപാത്രം സ്വാഭാവികമായി കാണാം. ഇതിനെ ഡിസ്ഫങ്ഷണല്‍ യൂട്ടറിന്‍ ബ്ലീഡിങ് എന്നു പറയും. ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇതുണ്ടാവുന്നത്. മരുന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരസുഖമാണിത്. 30 ശതമാനം ആളുകള്‍ക്കും ഡി ആന്റ് സി കൊണ്ടുതന്നെ സുഖപ്പെടും.
മറ്റു ചികിത്സാരീതികള്‍ എന്തൊക്കെയാണ്?
ബ്ലീഡിങ് ഉണ്ടാകാതിരിക്കാനായി പല മാര്‍ഗങ്ങളുപയോഗിച്ച് ഗര്‍ഭാശയത്തിനുള്ളിലെ ലൈനിങ്ങിനെ നശിപ്പിക്കാം. കുട്ടികള്‍ ഉള്ളവര്‍ക്ക് ഗര്‍ഭപാത്രം നീക്കുകയും ചെയ്യാം.
നടുവേദന എന്തുകൊണ്ട് വരുന്നു? വരാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ചികിത്സ ഫലപ്രദമാണോ?
പല സ്ത്രീകളും നടുവേദന ഒരു പ്രധാന പ്രശ്‌നമായി പറയാറുണ്ട്. അമിതവണ്ണം, ആഹാരത്തിലെ കാത്സ്യത്തിന്റെ കുറവ്, കഠിനാധ്വാനം, ആര്‍ത്തവവുമായി ബന്ധപ്പെട്ട നടുവേദന, നട്ടെല്ലിലെ ഡിസ്‌കിന്റെ പ്രശ്‌നം, എല്ലിന്റെ തേയ്മാനം, ഗര്‍ഭാശയമുഖത്തെ കുരുക്കള്‍, ഗര്‍ഭാശയത്തിലെ നീര്‍ക്കെട്ട് തുടങ്ങിയവ കാരണമായേക്കാം.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തി ചികിത്സിക്കുക. ഒപ്പം അമിതവണ്ണം കുറയ്ക്കുക., കാല്‍സ്യം ഗുളികകള്‍ കഴിക്കുക, ഹൈഹീല്‍ഡ് ചെരുപ്പ് ഒഴിവാക്കുക, കൃത്യമായ വ്യായാമമുറകള്‍ പരിശീലിക്കുക എന്നിവയും പ്രധാനമാണ്.
സ്തനാര്‍ബുദത്തിന് കാരണങ്ങളെന്തൊക്കെയാണ്? ഇത് നേരത്തെ തിരിച്ചറിയാന്‍ സാധിക്കുമോ?
സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ ആണിത്. ആദ്യത്തെ കുട്ടി താമസിച്ചുണ്ടാകുന്നവര്‍, കുട്ടിക്ക് പാല്‍കൊടുക്കാത്തവര്‍, പാരമ്പര്യം, അണ്ഡാശയ ട്യൂമര്‍, കുട്ടികള്‍ ഇല്ലാത്തവര്‍, പ്രായം ചെന്നവര്‍, ഹോര്‍മോണുകളുടെ അമിതോപയോഗം ഇവ രോഗസാധ്യത കൂട്ടുന്നു.
മാമോഗ്രാഫി, എചഅഇ, അള്‍ട്രാസൗണ്ട് തുടങ്ങിയ പരിശോധനകള്‍ വഴി 99.5 ശതമാനം സ്തനാര്‍ബുദവും കണ്ടുപിടിക്കാം.
കുളിക്കുമ്പോഴും മറ്റും സ്തനം പരിശോധിക്കുന്നത് ശീലമാക്കുക. മുഴയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. ആര്‍ത്തവവിരാമത്തിനുശേഷം ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിനു മുമ്പായി മാമോഗ്രാഫി എടുക്കുക.